കോവിഡ് 19- നമ്മുടെ കടമകൾ
ലോക്ഡൗണിൻ്റെ 50-ാം നാളായിരുന്നു ഇന്നലെ (മെയ് 12-2020). കഴിഞ്ഞ അമ്പത് ദിവസങ്ങൾക്കിടയിൽ വീട്ടിൽ നിന്ന് ആറാമത്തെ പടിയിറക്കം. വീട്ടു സാധനങ്ങൾ വാങ്ങാൻ തൊട്ടടുത്ത കടയിൽ എത്തിയപ്പോൾ ഒറ്റമുറിക്കടയ്ക്കു മുന്നിൽ അഞ്ചാറ് പേരുണ്ട് കൂടി നിൽക്കുന്നു. ചിലർ മാസ്ക് ധരിച്ചിട്ടേയില്ല.ചിലർക്ക് മാസ്കുണ്ട് - വായ് മാത്രം മൂടുന്ന വിധം. മറ്റൊരാൾ മാസ്കിൻ്റെ വള്ളി, വലതു ചെവിയിൽ നിന്നൂരിമാറ്റി, ഇടതു ചെവിയിൽ തൂക്കിയിട്ടിരിക്കുന്നു! കടക്കാരൻ തൻ്റെ താടി മറയ്ക്കാനെന്നോണം മാസ്ക് താടിയിലൂടെ തൂക്കിയിട്ടിരിക്കുന്നു.!!
തിരക്കിലേക്ക് കയറാതെ അകലം പാലിച്ച് ഞാൻ നിന്നു.
പിന്നീട് വന്നവർ എന്നെ മറികടന്ന് ആ കൂട്ടത്തിൽ ചേർന്ന് കടക്കാരനടുത്തെത്തി സാധനങ്ങൾ വാങ്ങിച്ചു പോകുന്നു.. കുറച്ചു നേരം കാത്തു നിന്നപ്പോൾ എനിക്കും ആ കൂട്ടത്തിലേക്ക് തള്ളിക്കയറേണ്ടി വന്നു.
ഇന്ത്യയിൽ, സാക്ഷരതയിലും സാമൂഹ്യബോധത്തിലും ആരോഗ്യ ബോധത്തിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായ കേരളത്തിൽ, കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിലെ ഒരു കാഴ്ചയാണു് ഞാൻ പറഞ്ഞത്.
അപ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ പറയേണ്ടതില്ലല്ലൊ.
നമിക്കണം നമ്മെ നയിക്കുന്നവരെ
ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19നെ പ്രതിരോധിക്കാനാവാതെ നട്ടം തിരിയുമ്പോൾ, നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃത്യവും വ്യക്തവുമായ നടപടികളിലുടെ വൈറസ് വ്യാപനത്തിന് തടയിട്ടും ചികിത്സാ പദ്ധതികൾ നടപ്പിലാക്കിയും നമുക്കൊപ്പമുണ്ട്.
യുനിസെഫ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, വിവിധ രാഷ്ട്രത്തലവൻമാർ, ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവരെല്ലാം കേന്ദ്ര സംസ്ഥാന സർക്കാരുകളെ അഭിനന്ദനങ്ങൾകൊണ്ട് മൂടുന്നു. അത്രയും മുൻപന്തിയിലാണ് കോവിഡ് പ്രതിരോധത്തിൽ നമ്മുടെ രാജ്യം. കോവിഡ് പ്രതിരോധ നടപടികളിൽ നമ്മുടെ പ്രധാനമന്ത്രി മോദിജി മറ്റു രാഷ്ട്രത്തലവൻമാരേക്കാൾ ബഹുദൂരം മുന്നിലാണെന്ന ഒരു വിദേശ സർവ്വേ റിപ്പോർട്ട് നാം അറിഞ്ഞതാണല്ലൊ.
ആരോഗ്യരംഗത്തേയും പോലീസ് തുടങ്ങിയ മറ്റ് മേഖലകളിലേയും ജീവനക്കാർ നമ്മളെ സംരക്ഷിക്കാൻ പെടാപ്പാട് പെടുന്നു.
തീർച്ചയായും അഭിനന്ദനാർഹമായ കർത്തവ്യമാണ് ഇരു സർക്കാരുകളും ഈ ഉദ്യോഗസ്ഥരും ചെയ്തു കൊണ്ടിരിക്കുന്നത്.
പക്ഷേ, നമ്മൾ പൊതുജനങ്ങളോ....
വൈറസിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി ഇരു സർക്കാരുകളും നടപ്പിലാക്കുന്ന നിബന്ധനകളും നടപടികളും പാലിക്കാൻ നമ്മൾ പൊതുജനം വൈമനസ്യം കാണിക്കുന്നതാണു് സത്യത്തിൽ സർക്കാരുകളെ കുഴക്കുന്ന വലിയ വൈറസ്.
ലോക് ഡൗൺ കാലത്തുതന്നെ പോലീസിൻ്റെ കണ്ണുവെട്ടിച്ച് റോഡിലിറങ്ങി കറങ്ങാൻ എന്തൊരുത്സാഹമായിരുന്നു?!
പരിമിതമായ വിട്ടുവീഴ്ചകൾ അനുവദിച്ചപ്പൊഴേ റോഡ് ബ്ലോക്കാകുന്ന കാഴ്ചയായിരുന്നു പലയിടത്തും. കോവിഡ് 19 എന്ന വൈറസ്, കേരളവും ഇന്ത്യയും വിട്ടു പോയോയെന്നു പോലും സംശയിച്ചു പോയി.
അപ്പോൾ ലോക് ഡൗൺ പൂർണമായി പിൻവലിച്ചാലോ?
എന്തായിരിക്കും അവസ്ഥ?
നമ്മുടെ കടമ
ഇനിയുള്ള ചുമതല നമ്മൾ പൊതുജനങ്ങൾക്കാണ്.
കോവിഡ് വൈറസിനെ ചെറുക്കാൻ എന്തെല്ലാം ചെയ്യണമെന്ന് അധികൃതർ കഴിഞ്ഞ രണ്ട് മാസം കൊണ്ട് നമ്മെ പഠിപ്പിച്ചു കഴിഞ്ഞു.
അത് അനുസരിക്കാതെ, അംഗനവാടി വിദ്യാർത്ഥികളെപ്പോലെ ചപലത കാണിച്ചാൽ ഇക്കാര്യത്തിൽ നാമെത്തുന്നത് അമേരിക്കയേക്കാൾ വലിയ കഷ്ടതയിലേക്കായിരിക്കും.
ഇന്ത്യയെപ്പോലെ വൻ ജനസംഖ്യയുള്ള ഒരു രാജ്യത്ത് സമൂഹ വ്യാപനംവഴി കോടിക്കണക്കിന്
ജനങ്ങൾക്ക് രോഗം പടർന്നാൽ ചികിത്സപോലും അപ്രാപ്യമാകും.
ലക്ഷക്കണക്കിന് ജനങ്ങളായിരിക്കും കാലപുരി പൂകുന്നത്. അതിൽ ഞാനും നിങ്ങളും നമ്മുടെ കുട്ടികളും
കുടുംബവുമുണ്ടാവില്ലെന്ന് പറയാനാവില്ലല്ലൊ. പിന്നീട് സർക്കാരുകളെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമുണ്ടാവില്ല.
സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച്, ഞാൻ കാരണം വൈറസ് പകരാനിടയാക്കില്ല എന്ന തീരുമാനം ഓരോ വ്യക്തിയും കൈക്കൊള്ളുക മാത്രമാണ് പ്രതിവിധി.
മാസ്ക് ധരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
താടി മറയ്ക്കാനല്ല മാസ്ക് എന്ന ബോധത്തോടെയാവണം മാസ്ക് ധരിക്കേണ്ടത്. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മൂക്കും വായും മൂടുന്നവിധം ധരിക്കുന്ന മാസ്ക് സ്ഥാനം മാറാതെ വീട്ടിലെത്തുന്നതു വരെ ഉണ്ടായിരിക്കണം. സംസാരിക്കുമ്പോൾപോലും മാറ്റാൻ പാടില്ല. മറ്റുള്ളവർക്ക് നമ്മിൽനിന്ന് രോഗം പടരാതിരിക്കാനും, നമുക്ക് മറ്റുള്ളവരിൽനിന്ന് രോഗം പടരാതിരിക്കാനും മാസ്ക് സഹായിക്കും.
വ്യക്തികൾ തമ്മിൽ അകലം
പാലിക്കുക എന്നതാണു് മറ്റൊരു പ്രധാന കാര്യം.
ലോക് ഡൗൺ കാലയളവിൽപ്പോലും നമ്മുടെ നാട്ടിൽ ഇത് പ്രായോഗികമായി കാണുന്നില്ല.
റേഷൻ കടയിലും സർക്കാർ ഓഫീസുകളിലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ജനങ്ങൾ കൂടി നിൽക്കുന്നത് കഴിഞ്ഞ ദിവസങ്ങളിലും കണ്ടു. അപ്പോൾപ്പിന്നെ സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യം പറയേണ്ടല്ലൊ.
ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചായിരിക്കണം നമ്മൾ നിലക്കൊള്ളേണ്ടത്. ബസ് സ്റ്റോപ്പിലും കടകൾക്കു മുന്നിലും ഇതിനായി അടയാളപ്പെടുത്തൽ നിർബന്ധമാണ്. അധികാരികളുടെ ഭാഗത്തുനിന്ന് ഇതിനായി കർശന നടപടികൾ വന്നേ തീരൂ.
മാസ്ക് ധരിക്കാത്തതിന് ഫൈൻ ഈടാക്കുന്നതുപോല, ഇതിനും ചില ശിക്ഷകൾ കൂടിയേ തീരൂ.
പണത്തിനു പകരം എ ടി എം കാർഡ് ഉപയോഗിക്കുന്നത് ഒരു ശീലമാക്കണം. പണം എത്രയോ കൈകൾ മറിഞ്ഞാണ് നമ്മിലെത്തുന്നത്. പണത്തിലൂടെ രോഗം പകരാൻ വലിയ സാധ്യതയുണ്ട്. ഓൺലൈൻ ബാങ്കിംഗ്, ഓൺലൈൻ വാലെറ്റ്സ് എന്നിവയിലൂടെയുള്ള പണം കൈമാറ്റത്തിന് പ്രാധാന്യം കൊടുക്കുന്നതും നല്ലതാണ്.
സാനിറ്റൈസർ, സോപ്പ്
എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ വൃത്തിയാക്കുന്നത് അത്യന്താപേക്ഷിതമാണ് എന്നും നാം മറന്നു കൂടാ. വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ, തിരിച്ച് വീട്ടിലേക്കു കയറുന്നതിനു മുമ്പായി കൈകാലുകൾ സോപ്പ് ഉപയോഗിച്ച് ശുദ്ധിയാക്കണം.
വസ്ത്രങ്ങൾ സോപ്പുലായനിയിൽ മുക്കി വക്കുകയോ സോപ്പുപയോഗിച്ച് കഴുകുകയോ ചെയ്യണം. കുളിച്ച ശേഷമേ വീട്ടിലുള്ളവരുമായി - പ്രത്യേകിച്ച് കുട്ടികളും പ്രായമായവരുമായി ബന്ധപ്പെടാൻ പാടൂ എന്നതും കർശനമായി പാലിക്കണം.
കൂടുതൽ ആളുകൾ കൂടുന്നിടത്ത് പോകാതിരിക്കുക
എന്നതും പ്രധാന ശീലമാക്കേണ്ടതാണ്. വിവാഹമോ മരണമാേ സമ്മേളനമാേ പെരുന്നാളോ നേർച്ചയോ ഉത്സവമോ ആകട്ടെ, നമ്മുടെ സാന്നിധ്യം അനിവാര്യമെങ്കിൽ മാത്രം പങ്കെടുക്കുക.
ആളുകൾ കൂടുതലെത്തുന്ന കടകൾ ഒഴിവാക്കി, ചെറിയ കടകളെ ആശ്രയിക്കുക. അവിടെയും തിരക്കില്ലാത്ത സമയത്ത് പോകുക.
വിനോദയാത്ര, തീർത്ഥാടനം എന്നിവ ഒഴിവാക്കുകതന്നെ വേണം. മറ്റ് യാത്രകളും കഴിയുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് പൊതുവാഹനങ്ങളിൽ. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓഫീസ് ആവശ്യത്തിനും മറ്റും സ്ഥിരമായി യാത്ര ചെയ്യേണ്ടവർ ഒരുമിച്ച് സ്വകാര്യ വാഹനത്തെ ആശ്രയിക്കുന്നതാണ് കൂടുതൽ നല്ലത്.
ഭക്ഷണ രീതി നാം മാറ്റം
വരുത്തേണ്ട മറ്റൊരു പ്രധാന ഘടകമാണ്. പിസ്സയും ബർഗറും വറുത്തതും പൊരിച്ചതും മാത്രമല്ല, തട്ടുകടയടക്കമുള്ള എല്ലാഹോട്ടലുകളും നാം കണ്ടില്ലെന്ന് നടിക്കുന്നതാണുത്തമം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ മടി കൂടാതെ കഴിക്കുന്ന ശീലം കുട്ടികൾക്ക് നൽകണം. പ്രഷറും ഷുഗറും കൊളസ്ട്രോളുമില്ലാത്ത ശരീരത്തിന് വേണ്ടി പുതിയ ഭക്ഷണക്രമത്തിലേക്ക് മാറിയേ പറ്റൂ.
ആൻ്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ യാതൊരു നിയന്ത്രണവുമില്ലാതെയായിരുന്നു മലയാളികൾ ഉപയോഗിച്ചിരുന്നത് എന്നൊരു വാർത്ത കഴിഞ്ഞ ദിവസം കണ്ടു.
ആൻ്റിബയോട്ടിക്കിൻ്റെ ഉപയോഗം നാലിലൊന്നായി കുറഞ്ഞുവത്രെ ഈ ലോക്ഡൗൺ കാലത്ത്. മറ്റു മരുന്നുകളുടെ ഉപയോഗത്തിൽ പകുതിയിലേറെയാണ് കുറവുണ്ടായത്. കേരളത്തിലാണ് വൃക്കരോഗികൾ കൂടുതലുള്ളത് എന്ന യാഥാർത്ഥ്യം ഇതോടുകൂടി ചേർത്ത് വായിക്കുമ്പോഴാണു് മരുന്ന് എന്ന വിഷത്തിൻ്റെ ദൂഷ്യം നാം തിരിച്ചറിയുന്നത്.
ആവശ്യത്തിനും അനാവശ്യത്തിനുമായി ഡോക്ടർമാർ എഴുതുന്നതും
സ്വയം വാങ്ങിച്ചു കഴിക്കുന്നതുമായി മലയാളികൾ ഒട്ടേറെ മരുന്ന് യാതൊരു ആവശ്യവുമില്ലാതെ കഴിച്ചിരുന്നെന്ന് ഈ ലോക്ഡൗൺ കാലം തെളിയിക്കുന്നു. മാറ്റം അനിവാര്യമായ ഒരു മേഖലയാണിത്. രോഗത്തിനുള്ള മരുന്ന് എന്നത് രോഗം ഭേദമാവാനുള്ളതാണെന്നും രോഗം ഉണ്ടാക്കാനുള്ളതല്ലെന്നും ഓരോരുത്തരും തിരിച്ചറിഞ്ഞേ പറ്റൂ.
ജലദോഷത്തിനുവരെ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറെകണ്ട് അനാവശ്യമായി ആൻ്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നതിനു പകരം, ചുക്കും കുരുമുളകും തുളസിയിലയുമെന്ന അടിസ്ഥാന തത്വം പാലിച്ചാൽ നമ്മുടെ ആരോഗ്യം പരിപാലിക്കപ്പെടുകതന്നെ ചെയ്യും.
ഇനിയും കുറേ കാര്യങ്ങൾ
ചെറുതും വലുതുമായി കൂട്ടിച്ചേർക്കാനുണ്ട്. വിസ്താരഭയംകൊണ്ട് വിശദമാക്കുന്നില്ല. അതെന്തെല്ലാമെന്നത് ചെവിയും കണ്ണും മൂക്കും തുറന്നു വച്ചാൽ സ്വയം മനസിലാക്കാവുന്നതേയുള്ളു.
സമീപത്തുള്ളവൻ കോവിഡ് വൈറസ് ബാധിതൻ ആണെന്ന ഒരു ബോധത്തോടെ - ഭീതിയോടെയല്ല - ഇടപെടുക എന്നതാണ് ആത്യന്തികമായി നാം ചെയ്യേണ്ടത്. ജീവിത ശൈലീ രോഗങ്ങൾ വരാതിരിക്കാൻ ഒരു പുതിയ ജീവിത ശൈലിയും രൂപപ്പെടുത്തിയേ മതിയാവൂ.
ഇത് എല്ലാവരുടേയും കടമയാണ്.
മറ്റുള്ളവർ പാലിക്കുന്നില്ല എന്നുള്ളതിനാൽ ഞാനായിട്ടെന്തിന് പാലിക്കണം എന്ന ചിന്ത വെടിഞ്ഞ്, ഞാൻ മറ്റുള്ളവർക്ക് മാതൃകയായിരിക്കുമെന്ന ബോധത്തോടെയാവട്ടെ നമ്മുടെ ജീവിതം.
നന്മകൾ നേർന്നുകൊണ്ട്,
രാമചന്ദ്രൻ പാണ്ടിക്കാട്.